NAVARATHRI MAHOTSAVAM (Click here to view/ Download)
കാളിയാട്ടം കുറിക്കല്‍
പിഷാരികാവിലെ വര്‍ഷാന്ത ഉത്സവം കാളിയാട്ടം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഗുണ്ടര്‍ട്ടിന്‍റെ നിഘണ്ടുവില്‍ കാളിയാട്ടത്തിന് മതപരമായ അനുഷ്ഠാനം എന്നാണര്‍ത്ഥം കൊടുത്തിട്ടുള്ളത്.കുംഭമാസം പത്താംതീയതി (കൊടിയാഴ്ച ദിവസമാണെങ്കില്‍ - ഞായര്‍, ചൊവ്വ, വെള്ളി) കാളിയാട്ടം കുറിക്കല്‍ ചടങ്ങ് നടത്തുന്നു.കാളിയാട്ടം മീനമാസത്തിലായിരിക്കും നടത്തുക.ചേമഞ്ചേരിയിലുള്ള പൊറ്റമ്മല് കുടുംബത്തിലെ കാരണവരായ നമ്പീശനാണ് കാളിയാട്ടം കുറിക്കല്‍ ചടങ്ങ് നടത്തുന്നത്.ഉത്സവം മീനമാസത്തില്‍തന്നെ നടത്തണമെന്നല്ലാതെ നിശ്ചിത ദിവസം തന്നെ നിശ്ചിത നാളില്‍ നടത്തണമെന്ന് നിര്‍ബന്ധമില്ല.അത് ഓരോ കൊല്ലവും നിശ്ചയിക്കുകയാണ് പതിവ്. കുംഭം പത്തിനോ അല്ലെങ്കില്‍ അതിനു തൊട്ടുള്ള കൊടിയാഴ്ച ദിവസമോ രാവിലെ ക്ഷേത്രസ്ഥാപകരായ കാരണവന്മാരുടെ തറയില്‍വെച്ച് ഊരാളന്മാരുടെ സാന്നിദ്ധ്യത്തില്‍ പ്രശ്നംവെച്ചാണ് കാളിയാട്ടത്തിന്റെ തിയ്യതി കുറിയ്ക്കുന്നത്.എന്നാല്‍ ഉടൻതന്നെ കാളിയാട്ടമുഹൂര്‍ത്തം പ്രഖ്യാപിക്കുകയില്ല.അന്ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം നട തുറക്കുമ്പോള്‍ ഷാരടി കുടുംബത്തിലെ ഒരംഗം കാളിയാട്ടമുഹൂര്‍ത്തം ഉച്ചത്തില്‍ വിളിച്ചറിയിക്കുന്നു.
പിഷാരികാവ് ക്ഷേത്രവും അടിസ്ഥാനവര്‍ഗ്ഗങ്ങളും
പിഷാരികാവ് ക്ഷേത്രം കേരളത്തിലെ മറ്റുക്ഷേത്രങ്ങളില്‍ നിന്ന് പലകാര്യങ്ങളിലും വ്യത്യസ്തത പുലര്‍ത്തുന്നു. ക്ഷേത്രസ്ഥാപകരും പൂജാരിമാരുമെല്ലാം ഉയര്‍ന്ന വിഭാഗക്കാര്‍ ആയിരുന്നെങ്കിലും പണ്ടുകാലം മുതല്‍ വര്‍ഗ്ഗവര്‍ണ്ണന വ്യത്യാസമില്ലാതെ ജനസമൂഹത്തിന്റെു കൂട്ടായ്മയിലാണ് ഈ ക്ഷേത്രം നിലനിന്നുപോന്നത്.മതവ്യത്യാസം പോലും ഭക്തരെ ക്ഷേത്രവിശ്വാസത്തില്‍ നിന്ന്‍ മാറ്റിനിര്‍ത്താന്‍ കാരണമായില്ല.ടിപ്പുസുല്‍ത്താന് ഭദ്രകാളിയുടെ ഭക്തനായിരുന്നു എന്ന വിശ്വാസവും ക്ഷേത്രം വൈശ്യ വ്യാപാരികള്‍ സ്ഥാപിച്ചു എന്ന വസ്തുതയും വ്യാപാരം മുഖ്യതൊഴിലാക്കിയ മുസ്ലീംവിഭാഗത്തെ ക്ഷേത്രത്തോടടുപ്പിച്ചു. ഈ ചിന്താഗതി പ്രായോഗികതലത്തില്‍ സഹകരണത്തിനും മതമൈത്രിക്കും സഹായകമായി. അടിസ്ഥാനവര്‍ഗ്ഗങ്ങള്‍കെല്ലാം അവകാശങ്ങള്‍ നല്‍കി ക്ഷേത്രം അംഗീകരിച്ചു.പണ്ടുകാലം മുതല്‍ നാന്ദകം എഴുന്നള്ളിപ്പിന് സംരക്ഷണം നല്‍കേണ്ട ചുമതല മണ്ണാന്‍മാര്‍ക്കും മറ്റൊരു അടിസ്ഥാനവിഭാഗമായ മുന്നൂറ്റന്മാര്‍ക്കുമായിരുന്നു. ഭഗവതി ഊരുചുറ്റാന്‍ എഴുന്നള്ളുന്ന സമയം ക്ഷേത്രത്തിന്‍റെ തെക്കുഭാഗത്ത് മുന്നൂറ്റന്മാരും കിഴക്ക് ഭാഗത്ത് മണ്ണാന്മാരും അണിനിരന്ന്‍ കാവല്‍നില്‍ക്കുമെന്നും നാന്ദകം ഇറക്കിയെഴുന്നള്ളിക്കുന്നതുവരെ അവര്‍ കാവലുണ്ടാകുമെന്നും കൊട്ടാരത്തില്‍ ശങ്കുണ്ണി രേഖപ്പെടുത്തുന്നു.ഇന്നും നാന്ദകം എഴുന്നള്ളിപ്പിനും വാള്‍ ഇറക്കി എഴുന്നള്ളിപ്പിനുമെല്ലാം മേല്‍പ്പറഞ്ഞ അവകാശികളുടെ സാന്നിധ്യം ഇവിടെ സജീവമാണ്.ഇത് പ്രധാനപ്പെട്ട ഒരവകാശവുമാണ്.ഇത്തരം ചുമതലകള്‍ കൊടുത്ത് അദ്ധ്വാനിക്കുന്ന അടിസ്ഥാനവര്‍ഗ്ഗങ്ങളെ അംഗീകരിക്കുക വഴി ക്ഷേത്രമുള്‍പ്പെട്ട സാമൂഹ്യ വ്യവസ്ഥിതിയില്‍ എല്ലാവരെയും ഉള്‍കൊളിക്കുന്ന പ്രക്രിയയാണ് നടക്കുന്നത്.