പ്രതിഷ്ഠ
ശ്രീ പിഷാരികാവിലെ പ്രധാന മൂർത്തി ഭദ്രകാളിയാണ്.സപ്തമാതൃക്കളോടൊപ്പമാണ് ഭദ്രകാളി പ്രതിഷ്ഠ.വടക്കോട്ട് ദർശനമായി ജ്വലിച്ചു നിൽക്കുന്ന ഭഗവതിയുടെ ഇടത് വശത്തായി ഭഗവതിയുടെ പ്രതീകമായി കരുതപ്പെടുന്ന അത്യത്ഭുത ശക്തിയുള്ള നാന്ദകം പൂജിക്കപ്പെടുന്നു.ശിവന്റെ ദർശനം കിഴക്കോട്ടും ഭദ്രകാളിയുടെ ദർശനം വടക്കോട്ടാണെങ്കിലും നാലമ്പലത്തിനകത്തേക്ക് വടക്കേ നടയിലൂടെ ആർക്കും പ്രവേശനമില്ല.ഭഗവതിയുടെ ശ്രീകോവിലിനു മുൻപിലാണ് ശിവന്റെ ശ്രീകോവിൽ .അതിനാൽ പുറത്തുനിന്നു നോക്കിയാൽ ഭദ്രകാളിയെ കാണാൻ സാധ്യമല്ല.സ്ത്രീകൾക്ക് കിഴക്കേ നടയിൽകൂടി പ്രവേശനമില്ല.തെക്കെ നടയിലൂടെയാണ് സ്ത്രീകൾക്ക് പ്രവേശനം. പുരുഷന്മാർക്ക് പ്രവേശനം കിഴക്കേനടയിലൂടെയാണ്.
ശിവക്ഷേത്രം
വൈശ്യന്മാർ ഇവിടെ എത്തിയശേഷം ശിവനെയും ഭഗവതിയെയും പ്രതിഷ്ഠിച്ചു.പ്രതിഷ്ഠ നടത്തിയത് സുപ്രസിദ്ധ തന്ത്രി കാട്ടുമാടമായിരുന്നു.ഇവിടെ ആദ്യം ശിവക്ഷേത്രമായിരുന്നു എന്നും ഐതിഹ്യമുണ്ട്.
ഉപദേവന്മാർ
ഗണപതിയും,ശാസ്താവും
ക്ഷേത്രപാല പ്രതിഷ്ഠ
നാലമ്പലത്തിനു പുറത്തു ക്ഷേത്ര ചുറ്റിൽ കിഴക്കു വടക്ക് ഭാഗത്തു ക്ഷേത്രപാല പ്രതിഷ്ഠ.
ഗുരുതി
കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളില്‍ നടത്താറുള്ള ഈ അനുഷ്ഠാനം പിഷാരികാവിലും നടത്തിവരുന്നു.കുരുതി, ഗുരുതി, ഗുരുസി എന്നീ പേരുകളില്‍ ഈ ചടങ്ങ് അറിയപ്പെടുന്നു.കുരുതിക്ക് രക്തമെന്നാണര്‍ത്ഥം .ഗുരുതിക്ക് ഇപ്പോള്‍ ഉപയോഗിക്കുന്നത് മഞ്ഞളും ചുണ്ണാമ്പും ചേര്‍ന്ന രക്തനിറമുള്ള ദ്രാവകമാണ്.പണ്ടുകാലത്ത് രക്തം കൊണ്ട് തന്നെ കുരുതി നടത്തിവന്നു.ഇതിനായി ചില ഭഗവതിക്ഷേത്രങ്ങളില്‍ കോഴി, ആട് എന്നീ മൃഗങ്ങളെ ബലി കഴിച്ചിരുന്നു.ആദിപരാശക്തി കാളീരൂപം പൂണ്ട് രക്തബീജന്‍ എന്ന അസുരനെ നിഗ്രഹിച്ചതായി പുരാണം പറയുന്നു.രക്തബീജന്റെ ഓരോതുള്ളി ചോരയും ഭൂമിയില്‍ വീണാല്‍ ഓരോ അസുരനായിത്തീരുമെന്ന സിദ്ധി അയാള്‍ക്കുണ്ടായിരുന്നതിനാല്‍ ദേവി അയാളെ നീട്ടിപ്പരത്തിയ നാക്കില്‍ കിടത്തി വധിച്ചു എന്നും അയാളുടെ ചോര ഒരു തുള്ളിപോലും നിലത്ത് വീഴാതെ കുടിച്ചുവെന്നും ദേവീമാഹാത്മ്യം പറയുന്നു.അങ്ങനെ കാളി രക്തപ്രിയയായി.ചൊവ്വ, വെള്ളി,ഞായര്‍ എന്നീ ദിവസങ്ങളിലാണ് ക്ഷേത്രത്തില്‍ ഗുരുതി നടത്തുക.പ്രസിദ്ധ ഭദ്രകാളിക്ഷേത്രമായ പിഷാരികാവിലെ ഒരു പ്രധാനവഴിപാടാണ് വലിയ വട്ടളം ഗുരുതി.കാളിയാട്ടം കുറിച്ചുകഴിഞ്ഞാല്‍ വലിയ വട്ടളം ഗുരുതി കഴിക്കാന്‍ പാടില്ല.