Pisharikavukollam@gmail.com
0496 2620568
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ക്ഷേത്രമാണ് കൊല്ലം ശ്രീ പിഷാരികാവ്. ക്ഷേത്ര നിർമ്മാണ വര്‍ഷത്തെ സൂചിപ്പിക്കുന്ന ആധികാരിക ചരിത്രരേഖകള്‍ ലഭ്യമല്ലെങ്കിലും വളരെ പ്രസിദ്ധമായ ഒരൈതിഹ്യം ഈ ക്ഷേത്രത്തിന്റെ ഉല്പത്തിയിലേക്ക് വെളിച്ചം വീശുന്നു. ഒരു ജനസമൂഹത്തിന്റെ പാലായനത്തിന്റെ കഥ ഇതില്‍ അടങ്ങിയിരിക്കുന്നു. പണ്ട് വൈശ്യജാതിക്കാരായ ഏതാനും കുടുംബക്കാര് അന്യദേശത്തു നിന്ന് തെക്കന്കൊല്ലത്ത് വന്ന് താമസിച്ചു. സമ്പന്നരായ രത്നവ്യാപാരികളായിരുന്നു ഇവര്‍. അവരില്‍ ഒരു ഭക്തന് ശ്രീ പോര്ക്കലിയില് പോയി ഭഗവതിയെ തപസ്സുചെയ്ത് പ്രത്യക്ഷപ്പെടുത്തി. ഭഗവതി അയാളോട് ഇങ്ങനെ അരുളി: “നിന്റെ ഭക്തി വിശ്വാസാദികള് കൊണ്ട് ഞാന്‍ പ്രസാദിച്ചിരിക്കുന്നു. നിന്റെ തലയ്ക്കലിരിക്കുന്ന നാന്ദകമെടുത്ത് നിനയ്ക്ക് സ്വദേശത്തേക്ക് പോകാം. എന്റെ ഈ ആയുധം വെച്ച് പതിവായി എന്നെ പൂജിച്ചുകൊണ്ടിരുന്നാല് നീ വിചാരിക്കുന്ന കാര്യങ്ങളെല്ലാം ഞാന്‍ സാധിപ്പിച്ചു തന്നുകൊള്ളാം. നീ വിചാരിക്കുന്ന സ്ഥലത്ത് ഞാനുണ്ടെന്ന് ദൃഡമായി വിശ്വസിച്ചുകൊള്ളുക”. ഭക്തന് ഞെട്ടിയുണര്‍ന്നു നോക്കിയപ്പോള്‍ ഒരു അഭൗമതേജസ്സ് മാഞ്ഞുപോവുന്നതും തന്റെ തലയ്ക്കല്‍ ഒരു നാന്ദകം ഇരിക്കുന്നതും കണ്ടു. ഈ അനുഭവം ഭഗവതിയുടെ അരുളപ്പാട് തന്നെയെന്ന് ദൃഡമായി വിശ്വസിച്ച ഭക്തന്, ഭഗവതി നല്കിയ ആ വാളെടുത്തു കൊണ്ട് സ്വദേശത്തേക്ക് പോയി. തെക്കന്‍ കൊല്ലത്തെത്തിയ അയാള്‍ അവിടെ ഭഗവതിക്ഷേത്രം പണിത് ഭഗവതിയെ പ്രതിഷ്ഠിച്ചു പീഠത്തിന്മേല് നാന്ദകം കൂടി വെച്ച് പൂജിക്കാന്‍ തുടങ്ങി. ആ വൈശ്യന് വിഷഹാരികൂടിയായതിനാല് അദ്ദേഹം സ്ഥാപിച്ച ക്ഷേത്രത്തിനു ‘വിഷഹാരികാവ്’ എന്ന പേര് സിദ്ധിച്ചു. വിഷഹാരികാവ് എന്നത് ക്രമേണ ‘പിഷാരികാവ്’ എന്നായി മാറി. ഭഗവതിയുടെ കടാക്ഷം ലഭിച്ച വൈശ്യവ്യാപാരികള് അടിക്കടി അഭിവൃദ്ധിപ്രാപിച്ച് വന്‍ ധനികരായി. കപ്പലുകളുടെയും പത്തേമാരികളുടെയും ഉടമകളായ ഇവര്‍ വിദേശവാണിജ്യവും നടത്തി. അളവില്ലാത്ത സമ്പത്തിനുടമകളായിത്തീര്ന്ന വൈശ്യവ്യാപാരികളും തെക്കന്കൊല്ലത്തെ രാജാവുമായി നികുതിയെച്ചൊല്ലി പ്രശ്നങ്ങളുണ്ടായി. വിദേശ വാണിജ്യം പ്രധാനവരുമാനമാര്ഗ്ഗമായിരുന്ന രാജാവ് സ്വാഭാവികമായും വിദേശവ്യാപാരം വഴി അതിസമ്പന്നമായ വൈശ്യരോട് കൂടുതല്‍ നികുതി ആവശ്യപ്പെട്ടുകാണും.വ്യാപാരി സമൂഹം അധികനികുതി കൊടുക്കാന്‍ വിസമ്മതിക്കുകയും രാജാവ് അവരോട് രാജ്യംവിട്ടുപോകാന് കല്പിക്കുകയും ചെയ്തു. നാന്ദകം പൂജിച്ചിരുന്ന കുടുംബമുള്പ്പെടെയുള്ള എട്ടു വൈശ്യകുടുംബങ്ങള് അവരുടെ എല്ലാ സമ്പത്തുമായി വടക്കോട്ട് ജലമാര്‍ഗ്ഗം യാത്രതിരിച്ചു. തങ്ങളുടെ സകല ഐശ്വര്യത്തിനും കാരണമായ ഭഗവതിയെ നാന്ദകത്തില് ആവാഹിച്ചെടുക്കാനും അവര്‍ മറന്നില്ല. ബാക്കി വൈശ്യകുടുംബങ്ങള് തെക്കോട്ട് നീങ്ങി. വടക്കോട്ട് യാത്രതിരിച്ചവര് യാത്രയ്ക്കിടയില്‍ ഒരു തീരപ്രദേശത്ത് അസാധാരണമായ ഒരു കാഴ്ച കണ്ടു. വിരുദ്ധപ്രകൃതമുള്ള പശുക്കളും പുലികളും ജാതിവിരോധമില്ലാതെ ഒന്നിച്ചു വെള്ളം കുടിക്കുന്ന കാഴ്ചയായിരുന്നു അത്. ഈ അസാധാരണമായ കാഴ്ചയില്‍ നിന്ന് പ്രദേശത്തിന്റെ സമാധാനസ്വഭാവം മനസ്സിലാക്കിയ അവര്‍ അവിടെ കരയ്ക്കിറങ്ങി. ഈ പ്രദേശം ഭഗവതിയെ പ്രതിഷ്ഠിക്കാനും തങ്ങള്‍ക്ക് സ്വൈര്യമായി താമസിച്ച് വ്യാപാരം നടത്തുവാനും എന്തുകൊണ്ടും യോജ്യമാണെന്ന് മനസ്സിലാക്കിയ അവര്‍ കുറുമ്പ്രനാട് രാജാവിന്റെ പ്രതിനിധി കോമത്ത് വാഴുന്നവരില് നിന്ന് ആനച്ചവിട്ടടിക്ക് ആമാടകൊടുത്ത് (ആനച്ചവിട്ടി = ഒരുതരം അളവ്, ആമാട = ഒരുതരം പൊന്ന്) സ്ഥലം വാങ്ങി ക്ഷേത്രവും അവര്‍ക്കാവശ്യമായ വീടുകളും നിര്‍മ്മിച്ചു. ക്ഷേത്രത്തിനു പൂര്വ്വസ്മരണ നിലനിര്‍ത്താന്‍ കൊല്ലം പിഷാരികാവ് എന്നുതന്നെ അവര്‍ പേരിട്ടു. കൊല്ലത്ത് നിന്ന് ഭഗവതിയെ ആവാഹിച്ചു കൊണ്ടു വന്ന നാന്ദകം ക്ഷേത്ര ശ്രീകോവിലില്ത്തുന്നെ വെച്ചു പൂജിച്ചുവന്നു. ക്ഷേത്ര പ്രതിഷ്ഠ നടത്തിയത് സുപ്രസിദ്ധ തന്ത്രി കാട്ടുമാടം നമ്പൂതിരിയാണ്. ആദ്യകാലത്തെ പൂജാരിമാര്‍ വൈശ്യന്മാര് തന്നെയായിരുന്നു. എട്ട് വൈശ്യകുടുംബങ്ങള് തങ്ങളുടെ പരദേവതയുടെ സമീപം തന്നെ എട്ടുവീടുകളിലായി താമസമുറപ്പിച്ചു. ഇവരാണ് ക്ഷേത്രത്തിന്റെ ഉടമകള്‍ അഥവാ ഊരാളന്മാര് - കീഴയില്, വാഴയില്‍, ഇളയിടത്ത്, ഈച്ചരാട്ടില്, പുനത്തില്‍, നാണോത്ത്, മുണ്ടക്കല്‍, എരോത്ത് എന്നീ തറവാട്ടുകാര്.
ശ്രീ പിഷാരികാവ് ദേവസ്വം
പി.ഒ. കൊല്ലം, കൊയിലാണ്ടി
കോഴിക്കോട് 673-307
0496 2620568
Pisharikavukollam@gmail.com
© 2018 Pisharikavu Dewaswom All Rights Reserved Powered By Cubix Solutions Pvt Ltd | TERMS AND CONDITIONS